കിൻഫ്ര പാർക്കുകൾക്ക് ദേശീയാംഗീകാരം
കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ വ്യവസായ പാർക്കുകളുടെ പ്രകടനം വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ കിൻഫ്രയുടെ കീഴിലുള്ള 5 പാർക്കുകൾക്ക് ദേശീയ അംഗീകാരം. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 15 പാർക്കുകളുടെ ഗണത്തിലാണ് കേരളത്തിലെ 5 കിൻഫ്രപാർക്കുകളെ തെരഞ്ഞെടുത്തത്.
കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പാണ് വ്യവസായ പാർക്കുകളുടെ വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കിയത്. കിൻഫ്ര കളമശ്ശേരി ഹൈടെക് പാർക്ക്, കഴക്കൂട്ടം ഫിലിം ആന്റ് വീഡിയോ പാർക്ക്, പാലക്കാട് മെഗാ ഫുഡ് പാർക്ക്, എറണാകുളം സ്മോൾ ഇൻഡസ്ട്രീസ് പാർക്ക്, കഞ്ചിക്കോട് ടെക്സ്റ്റൈൽ പാർക്ക് എന്നിവയാണ് മികച്ച പാർക്കുകളായി തെരഞ്ഞെടുക്കപ്പെട്ടത്.
യു.എൻ. ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് ഓർഗനൈസേഷനും, ലോകബാങ്ക് ഏജൻസികളും നിർദ്ദേശിച്ച ആഗോള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് ഇൻഡസ്ട്രിയൽ പാർക്ക് റേറ്റിംഗ് സിസ്റ്റം (IPRS 2.0) പാർക്കുകളെ വിലയിരുത്തുന്നത്. പൊതു അടിസ്ഥാന സൗകര്യങ്ങൾ, വിവിധ മേഖലകൾക്ക് പ്രത്യേകമായി ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുരക്ഷ, ബിസിനസ് സപ്പോർട്ട് സേവനങ്ങൾ എന്നീ വിഭാഗങ്ങളിൽ കിൻഫ്ര പാർക്കുകൾ മികച്ച പ്രകടനം കാഴ്ചവച്ചതായി റിപ്പോർട്ട് വിലയിരുത്തി. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖല ഇന്ത്യയിലെ മികച്ച 15 സെസുകളിൽ ഉൾപ്പെട്ടു. ബയോ ടെക്നോളജി മെഡിക്കൽ ഉപകരണ നിർമ്മാണം, ഹാൻഡി ക്രാഫ്റ്റ്സ് എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി കേരളത്തിലെ പാർക്കുകൾ മുന്നോട്ടു വരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തൊട്ടാകെയുള്ള 449 പാർക്കുകളുടെയും അത്രയും തന്നെ സോണുകളുടെയും പ്രവർത്തനങ്ങളാണ് മന്ത്രാലയം വിലയിരുത്തിയത്.